പോസ്റ്റോഫീസ് വഴി അയച്ചാൽ കത്ത് കിട്ടില്ല.
ജീവിതത്തിൽ പലപ്പോഴും കേട്ടിട്ടുള്ള ഒരു കമന്റാണിത്. ഇവിടെ ഞാൻ പറയാൻ പോകുന്നത് എനിക്ക് കിട്ടാതെ പോയ ഒരു കത്തിനെ കുറിച്ചാണ്....
തിരൂർ ഹെഡ് പോസ്റ്റ് ഓഫീസിൽ ജോലി ചെയ്യുന്ന സമയം. ഒരു ദിവസം ഒരു കല്ല്യാണ കത്ത് വന്നു. ജസ്രിഷ, പോസ്റ്റൽ അസിസ്റ്റന്റ് , തിരൂർ HO, കത്തയക്കുമ്പോൾ അയക്കുന്ന ആളുടെ പേരും അഡ്രസ്സും വെക്കണമെന്ന് നിർബന്ധമാണെങ്കിലും കല്ല്യാണത്തിനൊക്കെ വേണമെങ്കിൽ വന്നാൽ മതി എന്ന മട്ടിൽ നേർച്ച വീട്ടുന്ന പോലെ ബുക്ക് പോസ്റ്റ് ആയി അയക്കുന്ന കത്തിൽ അതെഴുതുന്ന സ്വഭാവം പണ്ടേ പലർക്കും ഇല്ല.
100 രൂപയുടെ കത്ത് അടിച്ചാലും 4 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് ബുക്ക് പോസ്റ്റ് അയക്കും. അപ്പോ ഇനി അയച്ച ആളെ അറിയാൻ കത്ത് തുറക്കണം. തുറന്നു.. വധുവിന്റെ ഭാഗത്ത് നിന്നും അയച്ച കത്താണ്. വധുവിന്റെ പേര് ശ്രുതി.. കോഴിക്കോട് നിന്നും ശ്രുതിയുടെ കല്ല്യാണത്തിന് ക്ഷണം വരാൻ എന്റെ അറിവിൽ ഒരു ശ്രുതിയേ ഉള്ളൂ. അതൊരു അർധരാത്രി ട്രെയിനിൽ കണ്ട് പരിചയപ്പെട്ട ശ്രുതി. ഇനി അത് പറഞ്ഞില്ലേൽ നിങ്ങൾ എന്നെ തെറ്റിദ്ധരിക്കും.
ട്രെയിനിംഗിനായി തിരുവനന്തപുരത്തേക്ക് പോവാൻ രാത്രി പട്ടാമ്പി നിന്നും ട്രെയിൻ കയറിയതാണ്. ട്രെയിനിലെ അരണ്ട വെളിച്ചത്തിൽ പലരുടെയും തലയും കാലുമൊക്കെ പിടിച്ചു വലിച്ച് അവരുടെ ഉറക്കവും കളഞ്ഞ് തെരെഞ്ഞ് പിടിച്ച് റിസർവ് ചെയ്ത സീറ്റിൽ ഇരുന്നു. വണ്ടി ഷൊർണൂർ എത്താറയപ്പോഴാണ് TTR വരുന്നത്. എന്നോട് പേര് ചോദിച്ചു. ഞാൻ പേര് പറഞ്ഞു.
മുമ്പിൽ ഇരുപതിനടുത്ത് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി ഇരിപ്പുണ്ട്. എന്റെ പേര് കേട്ടതും ആ കുട്ടി എന്തോ ഓർത്ത പോലെ അടുക്കി വെച്ചിരുന്ന ബാഗൊക്കെ വാരി വലിച്ചിട്ട് എന്തോ തിരച്ചിൽ തുടങ്ങി. അഞ്ച് മിനുട്ട് തിരഞ്ഞ് ഒരു ഫയൽ കയ്യിലെടുത്തു. അതിൽ നിന്നും രണ്ടോ മൂന്നോ പേജുകൾ കൈയ്യിലെടുത്ത് എന്തോ വായിച്ചു എന്നെ സൂക്ഷിച്ചു നോക്കി. പടച്ചോനെ ഇതെന്താ സംഗതി? ഇവര് വല്ല പോലീസുമാണോ? ഒരു പേടി ഹേയ് ഇല്ല എന്തിന് പേടിക്കണം? വീട്ടിൽ വെരിഫിക്കേഷന് വന്ന പോലീസുകാരന്റെ മുമ്പിൽ ഹെൽമറ്റ് വെക്കാതെ ബൈക്കിൽ വന്നിറങ്ങി ഒരു പെറ്റി കേസ് പോലും എന്റെ പേരിലില്ലെന്ന് ആണയിട്ട പരിശുദ്ധാത്മാവായ ഞാൻ എന്തിന് പേടിക്കണം?
കുറച്ച് നേരം കണ്ണടച്ചിരുന്നു.. ഹാവൂ ലോകം മുഴുവൻ ഇരുട്ട് പരന്നു. ഇനി പേടിക്കേണ്ട.. ആരും ആരെയും കാണില്ല എന്ന ആശ്വാസത്തിൽ കണ്ണ് പാതി തുറന്ന് നോക്കി. ട്രെയിൻ ഓടികൊണ്ടിരിക്കുന്നു. ട്രെയിനിലെ അരണ്ട വെളിച്ചത്തിൽ ഞാൻ ഒരു സത്യം തിരിച്ചറിഞ്ഞു.. ആ കുട്ടി പേപ്പറും പിടിച്ച് എന്നെ തന്നെ നോക്കുന്നു. അവൾ മാത്രമല്ല അപ്പുറത്തുള്ള അൽപം തടിച്ച ഒരു മധ്യവയസ്കനും. അതും ഒരു മാതിരി തുറിച്ച് നോട്ടം. . എന്നെ നോക്കി അവർ എന്തോ സംസാരിക്കുന്നുമുണ്ട്. ഞാൻ പെട്ടു. ഇവരിപ്പോ എന്താ ഉദ്ദേശ്യമാവോ? ഇനിയിപ്പോ ഈ അർധരാത്രി ഒറ്റക്കുള്ള ഈ യാത്രയിൽ. അയ്യോ ഓർക്കാൻ പോലും വയ്യ.... ട്രെയിനിൽ നിന്നും ഇറങ്ങണമെങ്കിൽ കണ്ണ് മുഴുവൻ തുറക്കണം. അപ്പോ എല്ലാവരും എന്നെ കാണുമെന്ന പേടി. എന്ത് ചെയ്യും? പുറത്തിറങ്ങാമെന്ന കണക്ക് കൂട്ടലിൽ ഞാൻ കണ്ണ് തുറന്നുതും ആ മധ്യവയസ്കൻ എന്നോട് ചോദിച്ചു.
ജസ്രിഷയാണോ? പിടിക്കപ്പെട്ടവനെ പോലെ
ഞാൻ അതെയെന്ന് തലയാട്ടി.
തിരുവനന്തപുരത്തേക്ക്?
അതെ.
പൂജപ്പുര?
അതെ
ട്രെയിനിംഗിന്?
അതെ
എന്റെ ഫുൾ ഡീറ്റെയിൽസ് ഇവരുടെ അടുത്തുണ്ടല്ലോ? ഇനി രക്ഷയില്ല. എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുമ്പോൾ അയാൾ പറഞ്ഞു. ഞങ്ങളും അങ്ങോട്ടാ. അപ്പോ അതാണ് കാര്യം. അവരുടെ കയ്യിലുള്ള ട്രൈനിംഗ് ഓർഡറിൽ എന്റെ പേരുണ്ട്.
ആശ്വാസ നിശ്വാസത്തിന്റെ ആ നെടുവീർപ്പുകൾക്കിടെ ഞങ്ങൾ പരിചയപ്പെട്ടു. കുറേ നേരം സംസാരിച്ചിരുന്നു. ആ ശ്രുതിയെ മാത്രമേ എനിക്ക് കോഴിക്കോട് അറിയൂ.
പക്ഷേ ഈ കത്തിലെ അഡ്രസ് അവളുടേതല്ല.
അപ്പോ പിന്നെ ഇതാരാവും???
കുറച്ച് തലയങ്ങ് പുകച്ചപ്പോളാണ് ചിന്തകൾ ഒന്ന് റിഡയറക്ഷനിലെത്തിയത്.
ഞാൻ തിരൂരിൽ ചാർജെടുക്കും മുമ്പ് അവിടെ വേറൊരു ജസ്രിഷ ഉണ്ടായിരുന്നു. ഭൂമി ലോകത്തെ അപൂർവ്വം പേരുകളിലൊന്നായ ഈ പേരിൽ വേറൊരുത്തൻ എനിക്കും മുമ്പേ ഈ കസേരയിൽ വന്നിരുന്നു എന്ന്.
ഇടക്കെപ്പോഴോ അവൻ സിസ്റ്റം അഡ്മിനിസ്ട്രേറ്ററായി മാറിയിരുന്നു എന്ന് തോന്നുന്നു. വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നും നമ്പർ തപ്പി പലരും അവനുള്ള മെസേജ് എനിക്കയച്ചിരുന്നു. അയച്ച ആളുടെ ആവശ്യമൊക്കെ തീർത്ത് അത് വേ ഇത് റേ എന്ന നഗ്ന സത്യം ഞാൻ പറയും. അപ്പോ ഈ കത്തും അവന് തന്നെ. അടുത്ത് കണ്ട പേനയെടുത്ത് തിരൂരിനെ വെട്ടി കോട്ടക്കലെഴുതി സോർട്ടിംഗ് കേസിലിട്ടു. ശുഭം. ഇനി അവനായി ശ്രുതിയായി. അവരുടെ സോറി ശ്രുതിയുടെ കല്ല്യാണമായി. കല്ല്യാണ സദ്യയായി. അവരുടെ പാടായി.
രണ്ട് ദിവസം കഴിഞ്ഞു. ഒരുച്ച നേരത്ത് മെയിൽസ് ബ്രാഞ്ചിൽ പോയപ്പോളുണ്ട് നമ്മുടെ ഋഷി മാഷിന്റെ (ശരിക്ക് പേരറിയാത്ത പലർക്കും മാഷ് കൃഷി മാഷാണ്) ടേബിളിൽ ദേ കെടക്കുണു അത് പോലൊരു കത്ത്. ഞാൻ മാഷോട് ചോദിച്ചു. ഇതാരയച്ചതാ? ഇതേ കത്ത് എനിക്ക് വന്നിരുന്നു. ഞാനത് കോട്ടക്കൽ ജസ്രിഷക്ക് കൊടുത്തു. മാഷ് കത്തെടുത്തു. അതിൽ അയച്ച ആളുടെ പേരുണ്ട്. സനൽ കുമാർ
അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർ
കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസ്.
അതേ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിലെ എന്റെ ആശാൻമാരിലൊരാൾ.
ഒരുപാടൊരുപാട് സഹായങ്ങൾ ചെയ്തു തന്ന, രണ്ട് കൊല്ലത്തിൽ പകുതിയിൽ അധികം എന്റെ കൂടെ ഉണ്ടായിരുന്ന പ്രിയപ്പെട്ട സനൽ മാഷ് മകളുടെ കല്ല്യാണത്തിന് ക്ഷണിച്ച് അയച്ച കത്തായിരുന്നു ഞാൻ വേറൊരുവന് കൊടുത്തത്. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. ഈ സദ്യ എനിക്ക് അവകാശപ്പെട്ടതാണ്. ഇനി കോട്ടക്കൽ ജസ്രിഷ എങ്ങാനും ആ കല്ല്യാണത്തിന് പോയാലോ? അത് ശരിയാവില്ല.
ഞാൻ ഫോണെടുത്തു.
സംഗതി പറഞ്ഞു. ജസ്രിഷ പറഞ്ഞു എനിക്ക് അങ്ങനെ ഒരു ശ്രുതിയെ അറിയാത്തത് കൊണ്ട് ഞാൻ ആ കത്ത് അപ്പോ തന്നെ കീറി വേയ്സ്റ്റിലിട്ടു.
ഏതായാലും കല്ല്യാണത്തിന് ഞാൻ തന്നെ പോയി.
ഋഷി മാഷിന് അങ്ങനെ ഒരു കത്ത് വന്നില്ലായിരുന്നുവെങ്കിൽ, അല്ലെങ്കിൽ ഞാനത് കണ്ടില്ലായിരുന്നുവെങ്കിൽ കല്ല്യാണമൊക്കെ കഴിഞ്ഞ് എന്നെ കാണുമ്പോൾ ഉള്ള ഒരു സീൻ ഇങ്ങനെയാണ്.
സനൽ മാഷ് ചോദിക്കും. കല്ല്യാണത്തിന് വന്നില്ലല്ലോ?
ഞാൻ: എന്നെ വിളിച്ചില്ലല്ലോ?
മാഷ്: ഞാൻ കത്തയച്ചിരുന്നു.
ഞാൻ : എനിക്ക് കിട്ടിയില്ലല്ലോ മാഷ്.
കിട്ടിയിട്ടും
കിട്ടാതെ പോയ ഒരു കത്തായി പോസ്റ്റ് ഓഫീസുകാർ പാപഭാരം പേറേണ്ടി വരുന്ന ഒരു കത്തായി ഇതും മാറുമായിരുന്നു. ഇനിയുമുണ്ട് ഇത് പോലെ കിട്ടിയിട്ടും കിട്ടാത്ത കത്തുകൾ. തുടർച്ചകൾ പ്രതീക്ഷിക്കാം.