2013, മേയ് 19, ഞായറാഴ്‌ച

ഞായറാഴ്ചയുടെ പുലരികളില്‍ സാധാരണ അനുഭവപെടാറുള്ള ഒരു തരം അലസതയെ വകഞ്ഞു മാറ്റി ഞാനെണീറ്റു. പുലരിയാണെങ്കിലും തണുപ്പിന്‍ കണിക പോലുമില്ല. മെല്ലെ താഴോട്ടിറങ്ങി. അലസമായി വീടിന്‍റെ തിണ്ണയില്‍ പോയിരുന്നു. വല്ലാത്ത മടുപ്പ്‌ തോന്നിയപ്പോള്‍ മെല്ലെ എണീറ്റ്‌ ബൈക്കിന്‍റെ ചാവി എടുത്തു. മെല്ലെ ചുടു കാറ്റേറ്റ് റോഡിലൂടെ പട്ടാമ്പി ടൌണിന്‍റെ ഭാഗത്തേക്ക്‌ ഓടിച്ചു. എവിടെക്കെന്ന്‍ അപ്പോഴും എനിക്കറിയില്ലായിരുന്നു... റെയില്‍വേ കമാനത്തിനു താഴെ എത്തിയപ്പോള്‍ മുകളിലൂടെ ചെന്നൈ മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് മെയില്‍  കടന്നു പോയി.... റെയില്‍വേ ജംഗ്ഷനില്‍ നിന്ന്  ഞാന്‍  ബൈക്ക് റെയില്‍വേ സ്റ്റേഷനിലേക് തിരിച്ചു. ബൈക്ക് പാര്‍ക്കിംഗ് ഏരിയ യില്‍ വെച്ചപ്പോള്‍ പിരിവുകാരന്‍ രസീതുമായി ഓടി വന്നു ഒരെണ്ണം കീറി എന്‍റെ നേരെ നീട്ടി ഒരു അധികാര സ്വരത്തില്‍ പറഞ്ഞു. ബൈക്ക് ആ കാണുന്ന മതിലിനരികിലേക്ക്‌  ഒതുക്കി വെക്കണം. ഇതാ മൂന്നു രൂപ..... നീ പോടാ കോപ്പേ എന്ന് പറയാനാണ് നാവിന്‍ തുമ്പില്‍ വന്നതെങ്കിലും രാവിലത്തെ പാലക്കാടന്‍ ചൂടിന് വെറുതെ ചൂട് കൂട്ടണ്ട എന്ന് കരുതി ഞാന്‍ ഇപ്പൊ തന്നെ തിരിച്ച് വരുമെന്ന് പറഞ്ഞു. അയാള്‍ എന്തോ പറയാന്‍ തുടങ്ങിയെങ്കിലും അയാള്‍ക്ക് ചെവി കൊടുക്കാതെ ഞാന്‍ പ്ലാറ്റ്‌ ഫോര്‍മിലേക്ക്‌ കടന്നു.  മംഗലാപുരം മെയില്‍ പ്ലാറ്റ്‌ ഫോര്‍മില്‍ നില്‍പുണ്ട്... ഞാന്‍ മെല്ലെ മുന്നോട്ട് നടന്നു....
സാധാരണ ചെന്നൈ മംഗലാപുരം മെയിലിനു ഒരു പ്രത്യേക ഗന്ധമുണ്ടാവറുണ്ട്. കുളിക്കാത്ത അണ്ണാച്ചിയുടെയും ബംഗാളിയുടെയും വിയര്‍പ്പ് ഉണങ്ങിയ ഗന്ധം. അല്ല അതിലുമപ്പുറം എന്തൊക്കെയോ ഗന്ധം.... ചിലപ്പോള്‍ അതനുഭവിച്ചാല്‍ ഒക്കാനിക്കാന്‍ വരും... അതിനെ മറികടക്കാന്‍ കോഴിക്കോട്ടേക്കുള്ള സ്ഥിരം മെയില്‍ യാത്രക്കാരായ ഞങ്ങളുടെ ബാഗില്‍ ഒരു കുപ്പി അത്തര്‍ എപ്പോളും സൂക്ഷിക്കാറുണ്ട്... പക്ഷെ ഇന്നങ്ങനെ ഒരു ഗന്ധം കിട്ടുന്നില്ലലോ... ഞാന്‍ കോച്ചുകളുടെ അകത്തേക്ക് നോക്കി.. നിറയെ ആളുകളുണ്ട്... അതും മലയാളി ആണ്‍കുട്ടികളും പെണ്‍കുട്ടികളും. പെണ്‍കുട്ടികള്‍ കാര്യമായ പഠനത്തിലാണ്. വാതില്‍ക്കല്‍ നിന്ന പരിചയക്കാരന്‍ എന്നെ കണ്ടപ്പോള്‍ വിളിച്ചു. ഞാന്‍ ചോദിച്ചു എങ്ങോട്ടാടാ? അവന്‍ പറഞ്ഞു കോഴിക്കൊട്ടെക്കാ പോസ്റ്റല്‍ അസിസ്റ്റന്‍റ് പരീക്ഷ ഉണ്ട്... ഹ അപ്പൊ അതാണ് കാര്യം പോസ്റ്റല്‍ അസിസ്റ്റന്‍റ് പരീക്ഷ!!!!!    ..
ആലോചിച്ചപ്പോള്‍ വല്ലാത്ത സങ്കടം തോന്നി. കാരണം നല്ലൊരു അവസരമാണ് നഷ്ടമായത്‌... മുമ്പ്‌ ഓരോ ഡിവിഷനും പ്രത്യേകം പരീക്ഷയായിരുന്നു. അപ്പൊ ഓരോരുത്തര്‍ക്കും സൗകര്യംപോലെ സ്വന്തം ഡിവിഷനിലോ തൊട്ടടുത്ത ഡിവിഷനിലോ പോയി ആഗ്രഹം പോലെ വായ് നോക്കാമായിരുന്നു.. ഇതിപ്പോ ഒരു വായ് നോട്ടത്തിന് മാത്രം കോഴിക്കോട്‌ പോണമെന്ന് പറഞ്ഞാല്‍????  ഒന്നുകില്‍ ഡിപ്പാര്‍ട്ട്മെന്‍റ് നിറഞ്ഞു നില്‍കുന്ന ഈ പാവം ബാച്ച്‌ലര്‍മാരെ ഓര്‍ത്തെങ്കിലും ഈ  പരിഷ്കാരം ഒഴിവാക്കാമായിരുന്നു... ആഗോളവല്‍കരണത്തിന്‍റെ അനന്തര ഫലം... ആഗോള വല്‍കരണവും സ്വകാര്യ വല്‍കരണവും സമ്മാനിച്ച സകല പരിഷ്കാരങ്ങളെയും മനസാ വാചാ കര്‍മണാ ശപിച്ചു ഞാന്‍ തിരിച്ചു നടന്നു... 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ